ഒക്ടോബർ 12


ഇന്നത്തെ പ്രത്യേകതകൾ 



വിവരാവകാശനിയമം

ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005.2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. 


ഉദ്ദേശ്യങ്ങൾ


പൊതു താല്പര്യങ്ങൾക്കു ഹാനികരമാവാതെ, ഭരണകാര്യവിവരങ്ങൾ വെളിപ്പെടുത്തുന്നതിനും രഹസ്യകാര്യങ്ങൾ സംരക്ഷിക്കുന്നതിനും പരിമിതമായ പൊതുസമ്പത്ത്, യുക്തമായി ഉപയോഗിച്ച് ഒരു സംവിധാനം ഏർപ്പെടുത്തുക, ഭരണകാര്യങ്ങളിൽ, സുതാര്യതയും സർക്കാർ ഉത്തരവാദിത്തവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുക.


വിവരാവകാശവും പൊതുസ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങളും

പൊതുസ്ഥാപനങ്ങൾ എല്ലാ രേഖകളും സൂചികയുണ്ടാക്കി സൂക്ഷിക്കണം; യുക്തമായവ, സൗകര്യങ്ങളുടെ ലഭ്യതയനുസരിച്ച്, എത്രയും വേഗം കമ്പ്യൂട്ടർവത്കരിക്കണം

സ്ഥാപനത്തിന്റെ ചുമതലകൾ, ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ, നയകാര്യങ്ങൾ, നടപടിക്രമങ്ങൾ, ശമ്പളവിവരങ്ങൾ, ബജറ്റ് വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ സ്വമേധയാ പ്രസിദ്ധീകരിക്കണം

പൊതുജനത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട നയകാര്യങ്ങൾ പ്രസിദ്ധീകരിക്കണം.തീരുമാനങ്ങൾ എടുക്കുമ്പോൾ അതിനുള്ള കാരണം അതു ബാധിക്കുന്ന ആളിനെ അറിയിക്കണം.

സ്ഥാപനത്തിന്റെ എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണം; അവർ വിവരാർത്ഥിക്ക് ആവശ്യമായ സഹായം നൽകണം; പൊതുവിവരാധികാരികൾ ആവശ്യപ്പെട്ടാൽ, ഏതൊരു ഉദ്യോഗസ്ഥനും സഹായം നൽകണം.


വിവരം ലഭിക്കാനുള്ള നടപടിക്രമങ്ങൾ


വിവരാർത്ഥി, അതതു പൊതുസ്ഥാപനത്തിലെ,കേന്ദ്രവിവരാധികാരിക്കോ, സംസ്ഥാനവിവരാധികാരിക്കോ, അല്ലെങ്കിൽ കേന്ദ്രസഹവിവരാധികാരിക്കോ, സംസ്ഥാനസഹവിവരാധികാരിക്കോ,ആവശ്യപ്പെടുന്ന വിവരങ്ങൾ കാണിച്ചുകൊണ്ട് അപേക്ഷ എഴുതിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ നല്കണം. വിവരാർത്ഥിയെ സമ്പർക്കം ചെയ്യുന്നതിനാവശ്യമായത് ഒഴിച്ച് വിവരം ആവശ്യപ്പെടുന്നത് എന്തിനാണെന്നോ, മറ്റെന്തെങ്കിലും വ്യക്തിഗത വിവരങ്ങളോ നല്കേണ്ടതില്ല. അപേക്ഷ എഴുതിനല്കാൻ കഴിയില്ലെങ്കിൽ, വാക്കാലാവശ്യപ്പെട്ടാൽ അപേക്ഷ എഴുതിനല്കുന്നതിന് അപേക്ഷകനെ പൊതുവിവരാധികാരി സഹായിക്കണം. അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് നല്കണം. ദാരിദ്ര്യരേഖക്കു താഴെയുള്ളവറർ ഫീസ് നല്കേണ്ടതില്ല.

അപേക്ഷ ലഭിച്ചാൽ വിവരാധികാരി എത്രയും വേഗം (പരമാവധി മുപ്പതുദിവസത്തിനുള്ളിൽ) അപേക്ഷകന് വിവരം നല്കുകയോ, അപേക്ഷ നിരസിക്കുകയോ ചെയ്യണം. വ്യക്തിസ്വാതന്ത്ര്യത്തേയോ ജീവനേയോ സംബന്ധിക്കുന്ന വിവരങ്ങൾ ആവശ്യപ്പെട്ടാൽ, 48 മണിക്കൂറിനുള്ളിൽ ഈ വിവരം നല്കണം. ഈ സമയപരിധിക്കുള്ളിൽ വിവരം നല്കിയില്ലെങ്കിൽ, അത് അപേക്ഷ നിരസിച്ചതായി കണക്കാക്കപ്പെടും. മറ്റൊരു വിവരാധികാരിയുടെ അധീനതയിലുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിൽ, ആ അപേക്ഷ എത്രയും വേഗം (പരമാവധി അഞ്ചുദിവസത്തിനുള്ളിൽ) ആ വിവരാധികാരിക്കു കൈമാറണം. ആ വിവരം അപേക്ഷകനെ അറിയിക്കണം.

അപേക്ഷക/ൻ ഇന്ദ്രിയ വൈകല്യമുള്ള വ്യക്തിയാണെങ്കിൽ ആ വ്യക്തിക്ക് വിവരം പ്രാപ്യമാക്കാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാൻ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാർ ബാദ്ധ്യസ്ഥരാണ്‌.

സാധാരണ ഗതിയിൽ, പൊതുസ്ഥാപനത്തിന്റെ സമ്പത്ത്, ക്രമരഹിതമായി ചെലവാകില്ലെങ്കിലോ, രേഖയുടെ സംരക്ഷണത്തെ ബാധിക്കുന്നില്ലെങ്കിലോ, വിവരം ആവശ്യപ്പെട്ട മാധ്യമത്തിൽ നൽകണം.

അച്ചടിച്ചതോ, ഇലക്ട്രോണിക് മാധ്യമങ്ങളിലോ വിവരങ്ങൾ നൽകുന്നതിന്, നിശ്ചിത ചെലവ് വിവരാർത്ഥിയിൽനിന്ന് ഈടാക്കുന്നുണ്ടെങ്കിൽ ആ വിവരവും, തുക കണക്കാക്കിയതെങ്ങനെയെന്നും, അടക്കേണ്ട സമയപരിധിയും അയാളെ അറിയിക്കണം.കൂടാതെ, ചുമത്തിയ തുക പുന:പരിശോധിക്കാൻ, അപ്പീലധികാരിയോട് അപേക്ഷിക്കാൻ അയാൾക്ക് അവകാശമുണ്ടെന്നും, അപ്പീലധികാരിയുടെ വിലാസവും അയാളെ അറിയിക്കണം. ദാരിദ്ര്യരേഖക്കു താഴെയുള്ളവർ ഫീസ് നല്കേണ്ടതില്ല. സമയപരിധി കഴിഞ്ഞു നൽകുന്ന വിവരങ്ങൾക്കും ഫീസ് നല്കേണ്ടതില്ല.(ഫീസു നിശ്ചയിക്കുന്നത് അതതു സർക്കാറുകളാണ്)

അപേക്ഷ നിരസിക്കുകയാണെങ്കിൽ, അതിന്റെ കാരണവും, അപ്പീൽ നൽകാനുള്ള സമയപരിധിയും അപ്പീലധികാരിയുടെ വിലാസവും വിവരാർത്ഥിയെ അറിയിക്കണം.

ഒരു മൂന്നാംകക്ഷിയുടെ വിവരങ്ങളാണെങ്കിൽ, അഞ്ചുദിവസത്തിനുള്ളിൽ അയാളോട് അഭിപ്രായം ആരായണം. മൂന്നാംകക്ഷി പത്തുദിവസത്തിനുള്ളിൽ അയാളുടെ അഭിപ്രായം അറിയിക്കണം. അപേക്ഷയിൽ തീരുമാനം എടുക്കുമ്പോൾ മൂന്നാംകക്ഷിയുടെ അഭിപ്രായം പരിഗണിക്കണം. എന്നാൽ, മൂന്നാംകക്ഷിയുടെ നിയമസംരക്ഷണമുള്ള കച്ചവട - വാണിജ്യരഹസ്യങ്ങളൊഴിച്ച്, പൊതുതാത്പര്യങ്ങൾ അയാളുടെ സംരക്ഷിതതാത്പര്യങ്ങളൽക്കതീതമായിവരുന്ന വിവരങ്ങൾ വെളിപ്പെടുത്താം. അപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തുമ്പോൾ, അക്കാര്യം അയാളെ അറിയിക്കുകയും അപ്പീൽ നൽകാൻ അവസരം നൽകുകയും വേണം. എന്നാൽ വിവരം വെളിപ്പെടുത്തുന്ന കാര്യത്തിൽ വിവരാധികാരി 40 ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം.


വിവരവകാശ കമ്മീഷൻ

വിവരവകാശ നിയമത്തിന്റെ അധികാരങ്ങൾ പ്രയോഗിക്കാനും ചുമതലകൾ നിറവേറ്റാനും പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിവരാവകാശ കമ്മീഷൻ.കേന്ദ്രതലത്തിലും സംസ്ഥാനങ്ങളിലും വിവരാവകാശ കമ്മീഷനുകൾ പ്രവർത്തിക്കുന്നുണ്ട്.

കമ്മിഷന്റെ അധികാരങ്ങൾ

ഈ നിയമമനുസരിച്ച്,

ഏതൊരാളിൽ നിന്നും പരാതികൾ സ്വീകരിക്കാൻ,

പരാതി അന്വേഷിക്കുവാൻ,

തെളിവെടുപ്പിന് ഒരാളെ വിളിച്ചു വരുത്തുവാൻ

സത്യവാക്കായി തെളിവുകൾ സ്വീകരിക്കുവാൻ,

രേഖകൾ കണ്ടെടുക്കുവാൻ,

അവ പരിശോധിക്കുവാൻ,

സർക്കാർ നിശ്ചയിയ്ക്കുന്ന മറ്റേതൊരു നടപടിയും സ്വീകരിക്കുവാൻ കമ്മീഷന് അധികാരമുണ്ട്.


മറ്റു പ്രത്യേകതകൾ 

1492 - ക്രിസ്റ്റഫർ കൊളംബസ് കിഴക്കൻ ഏഷ്യയാണെന്ന അനുമാനത്തില് ബഹാമാസില് കപ്പലിറങ്ങി

1823 - സ്കോട്ട്‌ലന്റുകാരനായ ചാള്സ് മക്കിന്റോഷ് ആദ്യത്തെ മഴക്കോട്ടുകള് വില്ക്കാനാരംഭിച്ചു.

1850 - വനിതകൾക്കായുള്ള ആദ്യത്തെ മെഡിക്കൽ കോളേജ് അമേരിക്കയിലെ പെന്സില്‌വാനിയയില് സ്ഥാപിതമായി.

1866 - റാംസേ മൿഡൊണാൾഡ് (മുൻ യു.കെ. പ്രധാനമന്ത്രി) ജനിച്ചു 

1994 - വീനസിലേക്കുള്ള നാസയുടെ മാഗെല്ലൻ മിഷൻ പരാജയപ്പെടുന്നു, സ്പേസ്‌ക്രാഫ്റ്റ് കത്തി നശിക്കുന്നു.

1999 - പാകിസ്താനിൽ പർവേസ് മുഷാറഫ് നവാസ് ഷെറീഫിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചടക്കി.

2008 - അൽഫോൻസാമ്മയെ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.



ഒക്ടോബർ 11


 
ഇന്നത്തെ പ്രത്യേകതകൾ 



അന്താരാഷ്ട്ര ബാലികാദിനം

പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം ആയി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചു തുടങ്ങിയത്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്.ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവിൽ വന്നത്.

വനിതകൾക്കായുള്ള ദിനാചരണങ്ങൾ

മാർച്ച് 8 - അന്താരാഷ്ട്ര വനിതാദിനം
ഒക്ടോബർ 11 - അന്താരാഷ്ട്ര ബാലികാദിനം
ഒക്ടോബർ 15 - അന്താരാഷ്ട്ര ഗ്രാമീണവനിതാദിനം
ജനുവരി 24 - ദേശീയ ബാലികാദിനം (ഇന്ത്യയിൽ)

മറ്റു പ്രത്യേകതകൾ 

1942ൽ അമിതാഭ് ബച്ചന്റെ ജന്മദിനം
1958ൽ നാസയുടെ പയനീർ 1 വിക്ഷേപിക്കപ്പെടുന്നു. ചന്ദ്രനിൽ എത്താനാകാതെ രണ്ട് ദിവസത്തിനകം അത് മടങ്ങുകയായിരുന്നു.
1991ൽ റെഡ് ഫോൿസ് - (ഹാസ്യനടൻ) അന്തരിച്ചു.
2006ൽ കിരൺ ദേശായിയുടെ ദ് ഇൻഹെരിറ്റൻസ് ഓഫ് ലോസ് എന്ന നോവൽ ബുക്കർ പ്രൈസ് നേടി.



ദേശീയ തപാൽ ദിനം


ഇന്നത്തെ പ്രത്യേകതകൾ

ദേശീയ തപാൽ ദിനം

ഒരു കാലത്ത് ആശയവിനിമയത്തിന്റെ മുഖമായിരുന്ന തപാലിനായി ഒരു ദിനം.

1874 -ൽ യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായതിന്റെ ഓർമ്മയ്‌ക്കാണ് ഈ ദിനം ആചരിക്കുന്നത്. 1969-ൽ ജപ്പാനിലെ ടോക്യോവിൽ ചേർന്ന അന്താരാഷ്‌ട്ര തപാൽ യൂണിയന്റെ ആഹ്വാന പ്രകാരമാണ് തപാൽ ദിനം ആചരിക്കുന്നത്.ലോകത്തിലെ പല രാജ്യങ്ങളും തപാൽ വകുപ്പിന്റെ സേവനത്തെ സ്മരിക്കാനായി ഈ ദിനം ആഘോഷിക്കുന്നു.


മറ്റു പ്രത്യേകതകൾ 

ലോക മാനസിക ആരോഗ്യദിനം.

1731ൽ ഹെൻറി കാവൻഡിഷ് ജനിച്ചു

1875ൽ ടോൾസ്റ്റോയ് അന്തരിച്ചു



ജലം ക്വിസ്

 ജലം ക്വിസ് 


1.ലോക ജല ദിനം എന്നാണ്?

മാർച്ച് 22


2.ഭൂമിയിലെ പ്രധാന ജലസ്രോതസ്സ് എന്താണ്?

മഴ


3.കായലുകളുടെ നാട്’ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

കേരളം



4.പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ ജലം എന്താണ്?

മഴവെള്ളം


5.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

ശാസ്താംകോട്ട കായൽ



6.കേരളത്തിലെ ആകെ നദികളുടെ എണ്ണം എത്രയാണ്?

44



7.കേരളത്തിലെ ആകെ കായലുകളുടെ എണ്ണം എത്രയാണ്

34


8.ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന കേരളത്തിലെ നദി ഏതാണ്?

പെരിയാർ



9.കേരളത്തിലെ നദികളിൽ പടിഞ്ഞാറാട്ടോഴുകി അറബിക്കടലിൽ  പതിക്കുന്ന നദികളുടെ എണ്ണം ?

41 



10.കേരളത്തിലെ നദികളിൽ കിഴക്കോട്ടോഴുകുന്ന നദികളുടെ എണ്ണം?



11.കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി?

ഭാരതപ്പുഴ 



12.കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദി?

പമ്പ 



13.കേരളത്തിലെ ഏറ്റവും ചെറിയ പുഴ?

മഞ്ചേശ്വരം 



14.പമ്പയുടെ ദാനം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം?

കുട്ടനാട് 



15.തലശേരിയേയും മാഹിയേയും വേർതിരിക്കുന്ന പുഴ?

മയ്യഴി പുഴ 



16.കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ നദി?

വളപട്ടണം പുഴ 



17.ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി?

ചീങ്കണ്ണി പുഴ 



18.കേരളത്തിലെ മഞ്ഞ നദി എന്ന പേരിൽ അറിയപ്പെടുന്നത്?

കുറ്റ്യാടി പുഴ 



19.കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ 



20.കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ?

അഷ്ടമുടി കായൽ 



21.കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കായൽ?

ശാസ്‌താംകോട്ട കായൽ 



22.കേരളത്തിലെ കടൽ തീരമുള്ള ജില്ലകളുടെ എണ്ണം?

9.



23.കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം?

പൂക്കോട് തടാകം



24.തണ്ണീർത്തട  ദിനം?

ഫെബ്രുവരി 2 



25.പനയുടെ ആകൃതിയിൽ ഉള്ള കേരളത്തിലെ കായൽ?

അഷ്ടമുടി കായൽ 


ഒക്ടോബർ 9

 

ഇന്നത്തെ പ്രത്യേകതകൾ 



ലോക തപാൽ ദിനം 

ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 - ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10 - ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു.

മറ്റു പ്രത്യേകതകൾ 

1604ൽ ക്ഷീരപഥത്തിലെ അടുത്തകാലത്ത് ദർശിച്ച അവസാന സൂപ്പർനോവ

1760ൽ റഷ്യ ബെർലിൻ കീഴടക്കി

1806ൽ പ്രഷ്യ ഫ്രാൻസിനോട് യുദ്ധം പ്രഖ്യാപിച്ചു.

1820ൽ  ഇക്വഡോറിന്റെ റിപ്പബ്ലിൿ ദിനം.

2006ൽ ഉത്തര കൊറിയ അണുബോംബ് പരീക്ഷിച്ചു, ഐക്യ രാഷ്ട്ര സംഘടനയുടെ അടുത്ത സെക്രട്ടറി ജനറലായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രി ബാൻ കി മൂണിനെ രക്ഷാ സമിതി നാമ നിർദ്ദേശം ചെയ്തു,വയലാർ അവാർഡിന് സേതു അർഹനായി.




തപാൽ ദിന ക്വിസ്

 തപാൽ ദിന ക്വിസ് 


1 .ലോക തപാൽ ദിനം എന്നാണ്?

ഒക്ടോബർ 9


2.ദേശീയ തപാൽ ദിനം എന്നാണ്?

ഒക്ടോബർ 10


3.ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് എവിടെ വെച്ചാണ്?

നാസിക്കിൽ വെച്ച്


4.സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ ?

മഹാത്മാഗാന്ധി


5.ലോകത്ത് ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

ബ്രിട്ടൺ


6.തപാൽസ്റ്റാമ്പിനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

ഫിലാറ്റലി


7.ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ്?

പെന്നി ബ്ലാക്ക്


8.ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ദമ്പതികൾ?

ഗാന്ധിജി, കസ്തൂർബാ


9.ലോകത്ത് ആദ്യമായി സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വ്യക്തി?

വിക്ടോറിയ രാജ്ഞി



10.ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക്



11.കിംഗ് ഓഫ് ഹോബി എന്നറിയപ്പെടുന്നത്?

സ്റ്റാമ്പ് ശേഖരണം



12.സിന്ധ് ഡാക് പുറത്തിറക്കിയത് എവിടെവെച്ച്?

കറാച്ചി



13.ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യം രണ്ട് തവണ പ്രത്യക്ഷപ്പെട്ട മലയാളി?

വി കെ കൃഷ്ണമേനോൻ



14.ഇന്ത്യയിലെ പിൻകോഡിൽ എത്ര അക്കങ്ങൾ ഉണ്ട്?



15.എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

ഗോവ



16.മറ്റൊരു രാജ്യത്തിന്റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീനാരായണഗുരു



17.കേരളത്തിൽ ഏറ്റവും കുറവ് പോസ്റ്റ് ഓഫീസ് നിലവിൽ ഉള്ള ജില്ല?

വയനാട്



18.കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിച്ച ജില്ല?

തിരുവനന്തപുരം 


19.കേരളത്തിൽ കൂടുതൽ പോസ്റ്റ് ഓഫീസ് നിലവിൽ ഉള്ള ജില്ല?

തൃശ്ശൂർ



20.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി ?

ചന്ദ്രഗുപ്ത മൗര്യൻ



21.ആധുനിക തപാൽ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

റോളണ്ട് ഹിൽ



22.ഇന്ത്യയിൽ മണിയോർഡർ അയയ്ക്കാൻ സാധിക്കുന്ന പരമാവധി തുക എത്രയാണ്?

5000



23.ഏറ്റവും അധികം രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ആരാണ്?

ഗാന്ധിജി



24.PIN എന്നതിന്റെ മുഴുവൻ രൂപം എന്താണ്?

പോസ്റ്റൽ ഇൻഡക്സ് നമ്പർ



25.ഇന്ത്യയിൽ പോസ്റ്റൽ സോണുകൾ എത്ര?

9

ഒക്ടോബർ 8

 ഇന്നത്തെ പ്രത്യേകതകൾ 


ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബർ 8 - ന് ഇന്ത്യൻ വ്യോമസേന രൂപീകൃതമായി. തുടക്കത്തിൽ 6 ആഫീസർമാരും 19 ഭടന്മാരും (Airmen) മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ എളിയ രീതിയിൽ ആയിരുന്നു തുടക്കമെങ്കിലും അഞ്ചു വർഷത്തിനുള്ളിൽ (1938) ഫ്ലൈറ്റുകളുടെ എണ്ണം മൂന്നായി ഉയരുകയും ഒരു സ്ക്വാഡ്രൻ നിലവിൽ വരികയും ചെയ്തു. 

ഇന്ത്യൻ സേനയിലെ മൂന്നു പ്രമുഖ വിഭാഗങ്ങളിൽ ഒന്നാണ് ഭാരതീയ വായുസേന അഥവാ ഇന്ത്യൻ വ്യോമസേന. കരസേന, നാവികസേന എന്നിവയാണ് മറ്റു രണ്ടുവിഭാഗങ്ങൾ. ഇന്ത്യയുടെ വ്യോമസൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ്‌ ഇന്ത്യൻ വായുസേന. ഏകദേശം 1,70,000 അംഗബലമുള്ള ഇന്ത്യൻ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്‌.

1937 - ൽ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939 - ൽ ബർമാമുന്നണിയിൽ ഗോത്രവർഗങ്ങൾക്കെതിരായും വ്യോമസേന പ്രവർത്തനനിരതമാവുകയുണ്ടായി. ഇവയായിരുന്നു യുദ്ധരംഗത്ത് ഭാരതീയവായുസേനയുടെ ആദ്യകാലത്തെ പ്രായോഗികാനുഭവം. രണ്ടാംലോക മഹായുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യൻ വ്യോമസേന ഏറെ പ്രായോഗികാനുഭവങ്ങൾ നേടുകയും വികാസം പ്രാപിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോൾ ഭാരതീയ വായുസേനക്ക് 9 സ്ക്വാഡ്രനുകൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു.1965 - ലെ പാകിസ്താൻറെ ആക്രമണം ഇന്ത്യൻ വ്യോമസേനയെ സംബന്ധിച്ചിടത്തോളം ഒരഗ്നിപരീക്ഷണം ആയിരുന്നു.പാകിസ്താന്റെ കവചിത സേനാവിഭാഗമായിരുന്നു ഈ ആക്രമണത്തിൽ പ്രധാന പങ്കു വഹിച്ചത്. മണിക്കൂറുകൾക്കകം തന്നെ ഇന്ത്യൻ വ്യോമസേന ഈ കടന്നാക്രമണത്തിനു ശക്തമായ തിരിച്ചടി നൽകുകയുണ്ടായി. പാകിസ്താന്റെ 25 ടാങ്കുകൾ പ്രവർത്തനരഹിതം ആക്കാനും 73 പാക്ക് വിമാനങ്ങൾ നശിപ്പിക്കാനും ഇന്ത്യൻ വ്യോമസേനയ്ക്ക് ഒറ്റദിവസംകൊണ്ട് കഴിഞ്ഞു.ഇന്ത്യയ്ക്കു നഷ്ടപ്പെട്ടതാകട്ടെ രണ്ട് വാമ്പയർ വിമാനങ്ങൾ മാത്രമായിരുന്നു. ഛംബ് (Chhamb) യുദ്ധ മേഖലയിൽ വച്ച് ഇന്ത്യൻ വ്യോമസേനയിലെ സ്ക്വാഡ്രൻ ലീഡർ ട്രിവോർ കീലർ (Trevor Keeler), സെപ്റ്റംബർ 3 - ന് അന്തർദേശീയ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു കയറിയ ഒരു പാകിസ്താൻ സാബർ യുദ്ധവിമാനത്തെ വെടിവച്ചു വീഴ്ത്തി. അടുത്ത 20 ദിവസങ്ങൾക്കകം പാകിസ്താനു കനത്ത നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ട് വ്യോമസേനാ മേധാവിത്വം തങ്ങൾക്കാണെന്ന് ഇന്ത്യ അസന്ദിഗ്ധമായി തെളിയിച്ചു. ശത്രുരാജ്യത്തിലേക്കു കടന്നുചെന്നു പ്രത്യാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും ഇന്ത്യൻ വ്യോമസേന അതുല്യ ശക്തിയാണെന്ന് 1965 - ലെ യുദ്ധം തെളിയിച്ചു. ഈ യുദ്ധത്തിനു ശേഷം ഇന്ത്യൻ വ്യോമസേന അത്യാധുനിക യുദ്ധമുറകളിൽ പ്രത്യേക പരിശീലനം നേടി.

1971 - ലെ ഇന്ത്യാ - പാക്ക് യുദ്ധം ഇന്ത്യൻ വ്യോമസേനക്ക് മറ്റൊരഗ്നിപരീക്ഷണം ആയിരുന്നു. അവിചാരിതമായി പാകിസ്താൻ ഒരു മിന്നലാക്രമണമാണ് അന്നു നടത്തിയതെങ്കിലും കനത്ത തിരിച്ചടി നൽകാൻ ഇന്ത്യൻ വ്യോമസേനക്ക് ഏറെനേരം വേണ്ടിവന്നില്ല. ഉടനടി ആകാശ പ്രത്യാക്രമണങ്ങൽ സംഘടിപ്പിക്കുന്നതിലും കിഴക്കൻ മേഖലയിൽ ഇന്ത്യൻ കരസേനക്ക് ഫലപ്രദമായ സഹായ സഹകരണങ്ങൾ നൽകുന്നതിലും പാകിസ്താൻ വ്യോമസേനയെ കിഴക്കൻ മേഖലയിൽ തടഞ്ഞു നിറുത്തുന്നതിലും പടിഞ്ഞാറൻ മേഖലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ വ്യോമപ്രതിരോധം നിർ‌‌വഹിക്കുന്നതിലും പാകിസ്താൻ വ്യോമസേനയുടെ പ്രവത്തന പരിധി ചുരുക്കി കൊണ്ടുവരുന്നതിലും ശത്രുസേനയുടെ വിതരണ സജ്ജീകരണങ്ങളും വർത്താവിനിമയ സൗകര്യങ്ങളും തകർക്കുന്നതിലും ഫലപ്രദമായ വ്യോമനിരീക്ഷണം നിർ‌‌വഹിക്കുന്നതിലും ശത്രുക്കളുടെ നവീനനീക്കങ്ങൾ അറബിക്കടലിൽ ഉടനീളം നിരീക്ഷിക്കുന്നതിലുമെല്ലാം ഇന്ത്യൻ വ്യോമസേന പ്രകടിപ്പിച്ച പ്രാഗൽഭ്യം അൽഭുതാവഹം തന്നെയായിരുന്നു.


കരസേനയ്ക്കാവശ്യമായ സഹായ സഹകരണങ്ങൾ നൽകുക, മർമപ്രധാനമായ സ്വന്തം സ്ഥാപനങ്ങൾ ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളിൽ നിന്നും കാത്തുരക്ഷിക്കുക, സമുദ്രത്തിനു മുകളിലൂടെ നിരീക്ഷണ പറക്കലുകൾ നടത്തിയും മറ്റും നാവികസേനക്ക് ആവശ്യമായ സഹകരണം നൽകുക, സൈനിക ആവശ്യത്തിനുള്ള ചരക്കു കയറ്റിറക്കു നിർ‌‌വഹിക്കുകയും ഉപകരണങ്ങൾ എത്തിക്കുകയും ചെയ്യുക, ഇന്ത്യയുടെ വ്യോമാതിർത്തി വിദേശവിമാനങ്ങൾ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയും ഉണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക, ശത്രുരാജ്യങ്ങളിൽ നിന്ന് ആക്രമണ സാധ്യതയുണ്ടെങ്കിൽ അതു തടയാൻ വേണ്ടതു ചെയ്യുക എന്നിവയാണ് വ്യോമസേനയുടെ പ്രധാന ചുമതലകൾ.


സമാധാനകാലത്ത് വ്യോമസേനയുടെ സേവനം മറ്റുരംഗങ്ങളിലും ഉപയോഗപ്പെടുത്താറുണ്ട്. വളരെ വേഗത്തിൽ ചരക്കു കയറ്റിറക്ക് നിർ‌‌വഹിക്കേണ്ടി വരുമ്പോഴും വെള്ളപ്പൊക്കം മൂലമോ മറ്റു കാരണങ്ങലാലോ ഒറ്റപ്പെട്ടു പോകുന്ന സ്ഥലങ്ങളിൽ ഭക്ഷണ പദാർഥങ്ങളും മറ്റും ആകാശമാർഗ്ഗം വിതരണം നടത്തേണ്ടി വരുമ്പോഴും വ്യോമസേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നത് മേൽ പറഞ്ഞതിന് ഉദാഹരണങ്ങളാണ്.


വ്യോമസേനയുടെ പ്രമുഖ റിക്രൂട്ടിംങ് കേന്ദ്രങ്ങൾ

എയർഫോഴ്സ് സ്റ്റേഷൻ, സഫ്ദാർജംഗ്, ന്യൂഡൽഹി.

48, മാൻസ്ഫീൽഡ് റോഡ്, അംബാലാകാൻറ്.

നംമ്പർ 9, വീലർ ബാരക്സ്, കേംബ്രിഡ്ജ് റോഡ്, കോൺപൂർകാൻറ്.

നമ്പർ 1, ഗോഖലെ റോഡ്, കൽക്കത്ത-20.

എ. എഫ്. - 1 ബിൽഡിങ്, ഹോസ്പിറ്റൽ ലെയിൻ, ധോബി താലിയ, ബോംബേ-1.

എയർഫോഴ്സ് സ്റ്റേഷൻ, താംബരം, മദ്രാസ്.

H. Q. ട്രെയിനിങ് കമാൻഡ്, എയർ ഫോഴ്സ്, ഇൻഫാൻറട്രി റോഡ് എൻറ്, ഹൈഗ്രൗണ്ട്സ്, ബാംഗ്ലൂർ കാൻറ്.

എയർഫോഴ്സ് സ്റ്റേഷൻ, ജോഡ്പൂർ.

എയർഫോഴ്സ് സ്റ്റേഷൻ, ജോർഹട്, ആസാം.

എയർഫോഴ്സ് സ്റ്റേഷൻ, യെർ‌‌വാദ, പൂന.

എയർഫോഴ്സ് സ്റ്റേഷൻ, ജബൽ‌‌പൂർ.

എയർഫോഴ്സ് സ്റ്റേഷൻ, സിക്കന്ദരാബാദ്.

എയർഫോഴ്സ് സ്റ്റേഷൻ, ജാംനഗർ.

എയർഫോഴ്സ് സ്റ്റേഷൻ, ഭുവനേശ്വർ.

എയർഫോഴ്സ് സ്റ്റേഷൻ, ശ്രീനഗർ.

എയർഫോഴ്സ് സ്റ്റേഷൻ, സിംല. എന്നിവയാണ്.


മുദ്രവാക്യം: നഭ സ്പർശം ദീപ്തം


മറ്റു പ്രത്യേകതകൾ 

ലോക മുട്ട ദിനം

1936 - ഡേവിഡ് കരാഡൈൻ (നടൻ) ജനിച്ചു 

1939 - പോൾ ഹോഗൻ (നടൻ) ജനിച്ചു 

1979ൽ ലോകനായക ജയപ്രകാശ് നാരായണൻ അന്തരിച്ചു.


ഒക്ടോബർ 1

 ഇന്നത്തെ പ്രത്യേകതകൾ 

അന്തർദ്ദേശീയ വൃദ്ധദിനം

സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. വൃദ്ധരുടെ ജീർണിപ്പ്  ദുരുപയോഗം എന്നിവക്കെതിരെ ബോധവൽക്കരണത്തിനായി ഈ ദിനം ഉപയൊഗപ്പെടുത്തുവാനും, ഈ ലക്ഷ്യത്തിലേക്ക് ലോകത്തിലെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരവുമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധദിനം.

1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത്.1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.

മറ്റു പ്രത്യേകതകൾ 

1869ൽ ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാർഡുകൾ പുറത്തിറക്കി.

1880ൽ തോമസ് ആൽ‌വ എഡിസൺ ലോകത്തിലെ ആദ്യത്തെ വൈദ്യുത വിളക്കു നിർമ്മാണശാല സ്ഥാപിച്ചു.

1904ൽ എ കെ ഗോപാലൻ (രാഷ്ട്രീയ നേതാവ്) ജന്മദിനം

1908ൽ ഫോർഡ് കമ്പനി അതിന്റെ പ്രശസ്തമായ മോഡൽ -ടി കാർ പുറത്തിറക്കി.

1924ൽ ജിമ്മി കാർട്ടർ (മുൻ അമേരിക്കൻ പ്രസിഡന്റ്) ജന്മദിനം 

1949ൽമാവോ സേതൂങ്ങ്‌ ചൈനയെ ജനകീയ റിപബ്ലിക്കായി പ്രഖ്യാപിച്ചു.

1958ൽ നാസ സ്ഥാപിതമായി.

1960ൽ നൈജീരിയ, സൈപ്രസ്‌ എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി

1961ൽ കിഴക്കൻ, പടിഞ്ഞാറൻ കാമറൂണുകൾ ഒന്നിച്ചു ചേർന്ന് റിപ്പബ്ലിക്ക് ഓഫ് കാമറൂൺ സ്ഥാപിതമായി

1969ൽ കോൺകോർഡ് എന്ന ശബ്ദാതിവേഗ വിമാനം ആദ്യമായി ശബ്ദവേഗം ഭേദിച്ചു.

2003ൽ ജപ്പാൻ അതിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ജാക്സാ രൂപീകരിച്ചു.


ഒക്ടോബർ 1ന് ലോക വെജിറ്റേറിയൻ ദിനമായും ദേശീയ  രക്തദാന ദിനമായും ആചരിക്കുന്നു 



സെപ്റ്റംബർ 30


ഇന്നത്തെ പ്രത്യേകതകൾ 


അന്താരാഷ്ട്ര പരിഭാഷാ ദിനം


എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ ജെറോമിന്റെ തിരുനാളാണ് സെപ്റ്റംബർ 30.2017 മെയ് 24 ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സെപ്റ്റംബർ 30 അന്താരാഷ്ട്ര വിവർത്തന ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കി. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ പ്രൊഫഷണൽ വിവർത്തനത്തിന്റെ പങ്ക് തിരിച്ചറിയുന്നതിനുള്ള നടപടിയാണിത് ഐക്യരാഷ്ട്രസഭയുടെ ഈ പ്രവർത്തനം.

 അസർബൈജാൻ, ബംഗ്ലാദേശ്, ബെലാറസ്, കോസ്റ്റാറിക്ക, ക്യൂബ, ഇക്വഡോർ, പരാഗ്വേ, ഖത്തർ, തുർക്കി, തുർക്ക്മെനിസ്ഥാൻ, വിയറ്റ്നാം എന്നി പതിനൊന്ന് രാജ്യങ്ങൾലാണ് എ/71/എൽ.68 എന്ന കരട് പ്രമേയത്തിൽ ഒപ്പുവെച്ചത്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ട്രാൻസ്ലേറ്റേഴ്സ് പുറമേ, മറ്റ് നിരവധി സംഘടനകൾ ഈ പ്രമേയം അംഗീകരിക്കണമെന്ന് വാദിക്കുന്നു. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് കോൺഫറൻസ് ഇന്റർപ്രെറ്റേഴ്സ്, ക്രിട്ടിക്കൽ ലിങ്ക് ഇന്റർനാഷണൽ, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ ട്രാൻസ്ലേറ്റേഴ്സ് ആൻഡ് ഇന്റർപ്രെറ്റേഴ്സ്, റെഡ് ടി, വേൾഡ് അസോസിയേഷൻ ഓഫ് ആംഗ്യഭാഷാ ഇന്റർപ്രെറ്റേഴ്സ്

മറ്റു പ്രത്യേകതകൾ 

1882ൽ ലോകത്തിലെ ആദ്യ ജലവൈദ്യുത ഉല്പ്പാദന കേന്ദ്രം (ആപ്പിൾടൺ-എഡിസൺ ലൈറ്റ് കമ്പനി) അമേരിക്കയിലെ വിസ്കോൺസിനിലെ ആപ്പിൾടൺ എന്ന സ്ഥലത്ത് ഫോക്സ് നദിയിൽ സ്ഥാപിതമായി.

1947ൽ പാകിസ്താൻ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.

1965ൽ ജനറൽ സുഹാർതോ ഇൻ‍ഡോനീഷ്യയിൽ അധികാരത്തിലേറി.

1993 - മഹാരാഷ്ടയിലെ ലത്തൂരിലും ഒസ്മാനാബാദിലും ഭൂകമ്പം.

1980 - ടെന്നീസ് താരമായ മാർട്ടിനാ ഹിംഗിസ് ജന്മദിനം 

സെപ്റ്റംബർ 29

 

ഇന്നത്തെ പ്രത്യേകതകൾ 




ലോക ഹൃദയ ദിനം
ഹൃദയത്തെപ്പറ്റി നമ്മെ ഓർമ്മിപ്പിക്കാനായി വേൾഡ്‌ ഹാർട്ട്‌ ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയുംസംയുക്തമായാണ്‌എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച അല്ലെങ്കിൽ ആ ആഴ്ചയിലെ മറ്റൊരു ദിവസമോ ലോകഹൃദയാരോഗ്യദിനമായി  ആചരിക്കുന്നത്‌.
ലോകത്ത്‌ ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാൾ ഇന്ത്യക്കാർക്ക്‌ ഹൃദയാഘാതമുണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ട്‌. 1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വർദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്‌ (12.7 ശതമാനം). നഗരവാസികളിൽ നടത്തിയ പഠനമാണിത്‌. ഇന്ത്യയിലെ ഗ്രാമവാസികളിൽ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നിൽ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരിൽ ഹൃദ്രോഗ നിരക്ക്‌ 4 ശതമാനത്തിൽ കുറവാണ്‌.

ഹൃദയാരോഗ്യ സംരക്ഷണം
ആരോഗ്യ പൂർണമായ ജീവിതരീതി
ആരോഗ്യത്തിന്‌ ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വർജ്ജിക്കുക;
ശരിയായ ആഹാര രീതിയും ജീവിത ശൈലിയുംസ്വീകരിക്കുക.
നല്ല പോഷണം ,
ദുർമ്മേദസ്സ്‌ ഒഴിവാക്കൽ ,
പതിവായി വ്യായാമം

കിട്ടുന്നതെന്തും വലിച്ചുവാരിക്കഴിക്കുന്ന പ്രകൃതക്കാരാണ്‌ നമ്മൾ. എന്തു കഴിക്കണമെന്നതിനെപ്പറ്റിയും എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റിയും ചില പ്രകൃതി നിയമങ്ങളുണ്ട്‌. പ്രകൃതി നമുക്കു വേണ്ടി ഒരുക്കുന്ന ആഹാരമാണോ നാം കഴിക്കുന്നത്‌? വായ്ക്ക രുചിയുണ്ടെന്ന്‌ തോന്നുന്നതെന്തും മൂക്കറ്റം കഴിക്കുന്ന നിലപാട്‌ മാറ്റേണ്ടിയിരിക്കുന്നു.മാംസ്യം, അന്നജം, കൊഴുപ്പ്, ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നീ ഘടകങ്ങൾ നിശ്ചിത അനുപാതത്തിൽ അടങ്ങുന്ന സമീകൃത ആഹാരമാണ് നാം കഴിക്കേണ്ടത്‌. ഈ അനുപാതത്തിന്റെ അളവു തെറ്റിയാൽ നമ്മുടെ ശരീരത്തിനതൊരു ഭീഷണിയാകും. ആവശ്യത്തിലധികം ആഹരിക്കുമ്പോൾ ദുർമ്മേദസ്സും കുടവയറും അനുബന്ധരോഗങ്ങളും ഉണ്ടാകുന്നു.
ഹൃദയത്തിനോ, ശ്വാസകോശങ്ങൾക്കോ വേണ്ടത്ര പ്രയോജനം കിട്ടണമെങ്കിൽ കൃത്യവും ഊർജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം. വേഗത്തിൽ നടക്കുക, ജോഗിംങ്ങ്‌, നീന്തുക, സൈക്കിൾ ചവിട്ടുക, ഡാൻസ്‌ ചെയ്യുക തുടങ്ങിയ വ്യായാമ രീതികളാണ്‌ വേണ്ടത്‌. ഇതിന്‌ മാരത്തോൺ ഓട്ടക്കാരനാകണമെന്നില്ല. കൃത്യമായി മേൽപ്പറഞ്ഞ വ്യായാമ മുറകൾ അരമണിക്കൂറെങ്കിലും ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ചെയ്യണമെന്നു മാത്രം. വ്യായാമം ഹാർട്ട്‌ അറ്റാക്ക്‌ ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറക്കുന്നു. ഭൂരിപക്ഷം ആൾക്കാർക്കും വൈദ്യനിർദ്ദേശം കൂടാതെ വ്യായാമ പദ്ധതിയിലേർ‌പ്പെടാം.

മറ്റു പ്രത്യേകതകൾ 
  • 1901ൽ നോബൽ സമ്മാന ജേതാവായിരുന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞൻ എൻറികോ ഫെർമി
  • 2004 ൽ മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്ന ബാലാമണിയമ്മ അന്തരിച്ചു.

സെപ്റ്റംബർ 28

 

ഇന്നത്തെ പ്രത്യേകതകൾ 

1997ൽ  പ്രവർത്തനമാരംഭിച്ച ഇൻറർനെറ്റ് തിരച്ചിൽ, വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയാണ് ഗൂഗിൾ.ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാ‍നമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെർച്ച് എൻ‌ജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. 2005 തുടക്കമായപ്പോഴേക്കും 800 കോടിയോളം വെബ് പേജുകളും നൂറുകോടിയോളം വെബ്ചിത്രങ്ങളും ഗൂഗിൾ തിരച്ചിലുകൾക്കായി ക്രമപ്പെടുത്തിയിരുന്നു.

സ്റ്റാൻ‌ഫോർഡ് സർവ്വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർത്ഥികളായിരുന്ന ലാറി പേജ്,സെർജി ബ്രിൻ എന്നിവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിൾ ബീജാവാപം ചെയ്തത്. 1996 ജനുവരിയിലായിരുന്നു ഇവർ ഗവേഷണത്തിനു തുടക്കമിട്ടത്. വെബ്‌സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരയൽ ക്രമീകരിക്കാമോ എന്ന പരീക്ഷണമാണ് ഇവർ തുടക്കമിട്ടത്. 

ഓൺലൈൻ വിദ്യാഭാസത്തിന് അടിത്തറയിടാൻ ഗൂഗിളിന്റെ സേവനം കൊണ്ട് നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്, ഗൂഗിൾ മീറ്റ്,ഗൂഗിൾ ക്ലാസ്സ്‌റൂം തുടങ്ങിയ ഗൂഗിളിന്റെ ആപ്പുകൾ പരിചിതമല്ലാത്ത ആരും വിദ്യാഭാസ മേഖലയിൽ  ഇപ്പോൾ ഉണ്ടാവില്ല.2015 ഓഗസ്റ്റ് 10 -ന് ഗൂഗിൾ പല കമ്പനികളായി വിഭജിച്ചു. അങ്ങനെ ആൽഫബെറ്റ് എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായി ഗൂഗിൾ.സുന്ദർ പിച്ചൈ ഗൂഗിളിന്റെ പുതിയ സിഇഒ ആയി നിയമിതനായി. മുൻ സിഇഒ ലാറി പേജ് ആണ് മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപ്പറേഷന് നേതൃത്വം നൽകിയിരുന്നത്.ഇപ്പോൾ സുന്ദ്ർ രണ്ടിനും സി ഇ ഒ സ്ഥാനം വഹിക്കുന്നു.

അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽനിന്നും പിറവിയെടുത്തതാണ് ഗൂഗിൾ എന്ന പദം. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻ‌ജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു വിവക്ഷ. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ ആയി മാറി.

മറ്റു പ്രത്യേകതകൾ 

1895-പേ വിഷബാധക്കുള്ള മരുന്ന് കണ്ടുപിച്ച  ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചർ അന്തരിച്ചു.

1929ൽ ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക ലതാ മങ്കേഷ്കർ(2001-ലാണ്‌ ഭാരതരത്നം ലഭിച്ചു)

1933ൽ മലയാളചലച്ചിത്ര അഭിനേതാവ് മധുവിന്റെ ജനനം 

1950ൽ ഇന്തോനേഷ്യ ഐക്യരാഷ്ട്രസഭയിൽ അംഗമായി.

1982-ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്ര

1983ൽ കേരള മുഖ്യമന്ത്രിയായിരുന്ന(എട്ടാമത്തെ) സി.എച്ച്. മുഹമ്മദ്കോയ അന്തരിച്ചു.

സെപ്റ്റംബർ 27

ഇന്നത്തെ പ്രത്യേകതകൾ 


ഗ്നു

പരിപൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌‌വേർ ഉപയോഗിച്ചുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗ്നു.GNU എന്നതിന്റെ പൂർണ്ണരൂപം “GNU's not Unix!” എന്നാണ്.ഗ്നുവിന്റെ വികസനം തുടങ്ങിവച്ചത് റിച്ചാർഡ് സ്റ്റാൾമാൻ ആണ്.1983  സെപ്റ്റംബർ 27നു യുണിക്സ് പോലെയുള്ള സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനുള്ള ഗ്നു പദ്ധതി റിച്ചാർഡ് സ്റ്റാൾമാൻ പ്രഖ്യാപിച്ചു.റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ച ആദ്യകാലങ്ങളിൽ‌ കമ്പ്യൂട്ടർ വിദഗ്ദ്ധന്മാർക്കിടയിൽ‌ ഉണ്ടായിരുന്ന കൂട്ടായ്മ, വൻകിട കുത്തക കമ്പനികളുടെ ഇടപെടലുകൾ‌ കാരണം കൈമോശം‌ വരികയും സ്വകാര്യ സോഫ്റ്റ്‌വെയറുകളുടെ വ്യാപനം‌ സാങ്കേതിക വിദ്യയുടെ സ്വതന്ത്രമായ വളർച്ചയ്ക്കു തടസ്സമാകാൻ‌ തുടങ്ങുകയും ചെയ്ത ഒരു അവസരത്തിലാണ്, ആർ. എം. എസ് എന്ന ചുരുക്കപ്പേരിൽ‌ കൂടി അറിയപ്പെടുന്ന റിച്ചാർഡ് സ്റ്റാൾമാൻ ഗ്നൂ പ്രോജക്റ്റിലൂടെ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനത്തിനു തുടക്കം‌ കുറിച്ചത്.യുണിക്സ് എന്നത് കമ്പ്യൂട്ടർ രംഗത്തെ ഒരു സുപ്രധാന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. 1960-1970 കാലഘട്ടങ്ങളിലായി അമേരിക്കൻ ഐക്യനാടുകളിലെ എ.ടി.&ടി ബെൽ ലബോറട്ടറിയിൽ കെൻ തോംസൺ, ഡെന്നിസ് റിച്ചി, ഡഗ്ലസ് മക്‌റോയ് തുടങ്ങിയവരുടെ പ്രയത്ന ഫലമായി രൂപം കൊണ്ട യുണിക്സ്, നിരവധി സർവ്വകലാശാലകളുടെയും, സോഫ്റ്റ്‌വെയർ കോർപറേഷനുകളുടെയും, വ്യക്തികളുടെയും ആവശ്യങ്ങൾക്കനുസരിച്ച് വളരെയേറെ പരിണാമങ്ങൾക്ക് വിധേയമായി.

മറ്റു പ്രത്യകതകൾ 

1777 - പെൻസിൽ‌വാനിയയിലെ ലങ്കാസ്റ്റെർ, ഒരു ദിവസത്തേക്ക് അമേരിക്കയുടെ തലസ്ഥാനമായി.

1821 - മെക്സിക്കോ സ്പെയിനിൽ നിന്നും സ്വതന്ത്രമായി.

1854 - ആർടിക് എന്ന ആവിക്കപ്പൽ കടലിൽ മുങ്ങി മുന്നൂറുപേർ മരിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിലെ ആദ്യത്തെ പ്രധാന കപ്പലപകടമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.

1928 - ചൈനയെ അമേരിക്ക അംഗീകരിച്ചു.

1937 - അവസാനത്തെ ബാലി കടുവയും മരിച്ചു.

1953 - മാതാ അമൃതാനന്ദമയി ജന്മദിനം 

1996 - അഫ്ഗാനിസ്ഥാനിൽ തലസ്ഥാനനഗരമായ കാബൂൾ താലിബാൻ പിടിച്ചടക്കി. പ്രസിഡണ്ടായിരുന്ന ബുർഹനുദ്ദിൻ റബ്ബാനിയെ നാടുകടത്തുകയും, മുൻ നേതാവായിരുന്ന മൊഹമ്മദ് നജീബുള്ളയെ വധിക്കുകയും ചെയ്തു.

2002 - കിഴക്കൻ ടിമോർ ഐക്യരാഷ്ട്രസഭയിൽ അംഗമായി.

2019- നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നീണ്ട 54 വർഷത്തെ യുഡിഎഫി ന്റെ അധികാരകേന്ദ്രം ആയിരുന്ന പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.


സെപ്റ്റംബർ 24

 സെപ്റ്റംബർ 24 

ഇന്നത്തെ പ്രത്യേകതകൾ 




1948ലാണ് ഹോണ്ട ജപ്പാനിൽ  സ്ഥാപിതമായത്.1959 മുതൽ ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമ്മാണ കമ്പനിയാണ് ഹോണ്ട മോട്ടോർ കമ്പനി.2015 ൽ ലോകത്തിലെ എട്ടാമത്തെ വലിയ വാഹന നിർമാതാക്കളായി മാറി. ഓട്ടോമൊബൈൽ, മോട്ടോർ സൈക്കിൾ ബിസിനസുകൾ, പൂന്തോട്ട ഉപകരണങ്ങൾ, മറൈൻ എഞ്ചിനുകൾ, വാട്ടർക്രാഫ്റ്റ്, പവർ ജനറേറ്ററുകൾ എന്നിവയും ഹോണ്ട മോട്ടോർസ് നിർമ്മിക്കുന്നു.1986 മുതൽ, ഹോണ്ട കൃത്രിമ ഇന്റലിജൻസ് / റോബോട്ടിക് ഗവേഷണങ്ങളിൽ ഏർപ്പെടുകയും 2000 ൽ അസിമോ എന്ന പേരിൽ കമ്പനി ഒരു റോബോട്ട് പുറത്തിറക്കുകയും ചെയ്തു.

ജീവിതത്തിലുടനീളം വാഹനങ്ങളിൽ താൽപ്പര്യമുണ്ടായിരുന്നു ഹോണ്ടയുടെ സ്ഥാപകനായ സോചിരോ ഹോണ്ടയുടെ പരിശ്രമത്തിന്റെ ഫലമായാണ് ഹോണ്ട മോട്ടോർസ് രൂപംകൊള്ളുന്നത്.രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് അതിരൂക്ഷമായ ഇന്ധനക്ഷാമം അനുഭവിച്ച ജപ്പാനിൽ ഹോണ്ടാ കമ്പനി സ്ഥാപകനായ സോചിരോ ഹോണ്ട, താൻ നിർമ്മിച്ച ചെറിയ എഞ്ചിൻ സൈക്കിളിൽ ഘടിപ്പിച്ച് ലോകത്തെ ആദ്യത്തെ മോട്ടോർ സൈക്കിളിനു രൂപം നൽകി. തുടർന്ന് അദ്ദേഹം മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന കമ്പനി തുടങ്ങാൻ ജപ്പാനിലെ 18,000 സൈക്കിൾ ഷോപ്പുകാരുടെ സഹായം തേടി. അവരിൽ മൂവായിരം ആളുകൾ ഹോണ്ടയുടെ കമ്പനിയിൽ പണം നിക്ഷേപിച്ചു. അങ്ങനെയാണ് 1948 ൽ ഹോണ്ട മോട്ടോർ കമ്പനി രൂപീകരിക്കുന്നത്. ആദ്യം നിരത്തിലിറക്കിയ ബൈക്കുകൾ പരാജയമായിരുന്നെങ്കിലും പരിഷ്കരിച്ച പുതിയ മോഡൽ വിജയം കണ്ടു. ഹോണ്ടയ്ക്ക് പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ മോട്ടോർ സൈക്കിളുകൾ ഉൽപാദിപ്പിക്കുന്നത് ഹോണ്ടയാണ്.

സമീപ ഭാവിയിൽ ഹോണ്ട വിപണിയിലിറക്കാൻ പോകുന്ന ഇലക്ട്രിക്ക് കാറാണ് ഹോണ്ട ഇ. 2019 ജനീവ മോട്ടോർ ഷോയിൽ ഇതിന്റെ ഏകദേശ നിർമ്മാണ മാതൃകയും കമ്പനി അവതരിപ്പിച്ചു. ഒറ്റ ചാർജ്ജിൽ 201 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഹോണ്ട ഇയ്ക്ക് ആകും. 30 മിനുട്ടുകൾക്കുള്ളിൽ 80 ശതമാനം ചാർജ് ആകുന്ന ഫാസ്റ്റ് ചാർജ്ജിംഗ് സംവിധാനം കാറിനുണ്ട്.


മറ്റു പ്രത്യേകതകൾ 

പത്ത് സിഖ് ഗുരുക്കന്മാരിൽ നാലമത്തെ ഗുരുവായിരുന്ന ഗുരു രാം ദാസിന്റെ ജന്മദിനം.

പശ്ചിമാഫ്രിക്കയിലെ ഒരു രാജ്യമായ ഗിനി-ബിസൌ യുടെ സ്വാതന്ത്ര്യ ദിനം.1973 സെപ്റ്റംബർ 24നാണ് പോർച്ചുഗലിൽ നിന്ന് സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചത്.

സെപ്റ്റംബർ 23

ഇന്നത്തെ പ്രത്യേകതകൾ 

സിഗ്മണ്ട് ഫ്രോയിഡ്



1856 മെയ് 6-നാണ് ഫ്രോയിഡ് ജനിച്ചത്.മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു. 

1900 ൽ പ്രസിദ്ധീകരിച്ച സ്വപ്നങ്ങളുടെ വ്യാഖ്യാനം എന്ന പുസ്തകത്തോടെയായിരുന്നു ഫ്രോയിഡൻ വിപ്ലവത്തിന്റെ തുടക്കം.1885 -1886 കാ‍ലഘട്ടങ്ങളിൽ പാരീസിൽ പ്രശസ്തന്യൂറോളജിസ്റ്റായ ഴാങ്-മാർട്ടിൻ ഷാർക്കോയ്ക്ക് കീഴിൽ സിരാരോഗങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളാണ് സിരാരോഗവും മനസ്സും തമ്മിൽ ബന്ധമുണ്ടെന്ന ധാരണ ഫ്രോയിഡിനുണ്ടാക്കിയത്. 1895 ൽ ജോസഫ് ബ്രോയറുമായി ചേർന്ന് സ്റ്റഡീസ് ഇൻ ഹിസ്റ്റീരിയ എന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു,അടിച്ചമർത്തപ്പെട്ട വികാരങ്ങൾ എങ്ങനെ ശാരീരിക രോഗങ്ങളായി പരിണമിക്കുന്നു എന്നതായിരുന്നു പുസ്തകത്തിന്റെ പ്രതിപാദ്യം. മനോ വിശ്ലേഷണത്തിലെ പ്രഥമകൃതിയായി ഇത് വിലയിരുത്തപ്പെടുന്നു. ബ്രോയറുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച ഫ്രോയിഡ് പിന്നീട് സ്വന്തമായൊരു മാനസികാപഗ്രഥനരീ‍തിയും സിദ്ധാന്തവും രൂപപ്പെടുത്തുകയുണ്ടാ‍യി. സ്വപ്നങ്ങളുടെ വ്യാഖ്യാനം (Interpretation of Dreams) എന്ന കൃതി അതിൽനിന്നുണ്ടായതാണ്. ഈ കൃതി മനുഷ്യപ്രകൃതിയെപ്പറ്റിയുണ്ടാക്കിയ സിദ്ധാന്തങ്ങൾ സമൂഹത്തെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മനസ്സിനു അബോധം എന്ന തലമുണ്ടെന്നു മാത്രമല്ല ഗൂഢമായ മാനസികപ്രവത്തനങ്ങളാണ് മനുഷ്യസ്വഭാവത്തെനിർണ്ണയിക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു. അബോധത്തിലെ വിലക്കപ്പെട്ട ആഗ്രഹം, ശിശുലൈംഗികത, ഷണ്ഡീകരണഭീതി, ഈഡിപ്പസ് കോം‌പ്ലെക്സ് , തുടങ്ങിയ ആശയങ്ങൾ ചിന്തകസമൂഹം ഗൌരവമായി നോക്കിക്കണ്ടു. ഇവയിൽ പല ആശയങ്ങളും വിവാദമായെങ്കിലും ഫ്രോയിഡിന് വിശ്വസ്തരായ അനുയായികളുണ്ടായി. 1920-1930 കാലത്ത് ഫ്രോയിഡ് മുൻപോട്ടു വെച്ച ഇദ്,ഈഗോ,സൂപ്പർ ഈഗോ എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ശാസ്ത്രത്തിലും കലയിലും പ്രതിഫലനമുണ്ടാക്കി.

താടിയെല്ലിന് അർബുദം ബാധിച്ചു 1939 സെപ്റ്റംബർ 23 ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.


മറ്റു പ്രത്യേകതകൾ 

1.ലോക ആംഗ്യഭാഷാ ദിനം 
2.മോസില്ല ഫയർഫോക്സ് വെർഷൻ 0.1 പുറത്തിറക്കി.
3. 1973ൽ ചിലിയിലെ കവിയും നോബൽ സമ്മാന വിജയിയുമായ പാബ്ലോ നെരൂദ അന്തരിച്ചു.





സെപ്റ്റംബർ 22

 ഇന്നത്തെ പ്രത്യേകതകൾ  


മൈക്കേൽ ഫാരഡെയുടെ ജന്മദിനം 



ഫാരഡെയെ കുറിച്ച്....

വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേൽ ഫാരഡേ.ജനിച്ചത് 1791 സെപ്റ്റംബർ 22ന് .ലണ്ടന്റെ സമീപപ്രദേശമായ നെവിങ്ടണിലാണ് ഫാരഡേയുടെ ജനനം. വൈദ്യുതി കൃത്രിമമായി ഉല്പാദിപ്പിക്കുവാനുള്ള വഴി കണ്ടെത്തിയ ഫാരഡേയാണ് ഇന്നു ലോകത്തുള്ള എല്ലാ അത്യന്താധുനിക കണ്ടുപിടിത്തങ്ങൾക്കും നാന്ദി കുറിച്ചത് എന്നു പറയാം. സാറയായിരുന്നു ഭാര്യ. വൈദ്യുതകാന്തികത്, വൈദ്യുതരസതന്ത്രം എന്നീ മേഖലകളിൽ ഇദ്ദേഹം ധാരാ‌ളം സംഭാവനകൾ നൽകിയിട്ടുണ്ട്.ശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരീക്ഷണവിദഗ്ദ്ധൻ ഇദ്ദേഹമാണെന്ന് പറയാവുന്നതാണ്.ബെൻസീൻ കണ്ടുപിടിച്ചതും, ക്ലോറിന്റെ ക്ലാത്രേറ്റ് ഹൈഡ്രേറ്റ് സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തിയതും, ബൺസൺ ബർണറിന്റെ ഒരു ആദ്യരൂപം കണ്ടുപിടിച്ചതും, ഓക്സിഡേഷൻ നമ്പറുകൾ സംബന്ധിച്ച വ്യവസ്ഥകൾ രൂപപ്പെടു‌ത്തിയതും ഇദ്ദേഹത്തിന്റെ രസതന്ത്രമേഖലയിലെ സംഭാവനകളാണ്. ആനോഡ്, കാഥോട്, ഇലക്ട്രോഡ്, അയോൺ എന്നീ പ്രയോഗങ്ങൾ പ്രചാരത്തിൽ കൊണ്ടുവന്നതും ഇദ്ദേഹമാണ്. ബ്രിട്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂഷനിലെ ആദ്യത്തെ ഫുള്ളേറിയൻ പ്രഫസർ ഓഫ് കെമിസ്ട്രി എന്ന ആജീവനാന്ത സ്ഥാനം ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

ഗണിതശാസ്ത്രത്തിൽ ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം ശുഷ്കമായിരുന്നു. ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളെ ഗണിതശാസ്ത്ര സമവാക്യങ്ങ‌ളിലൂടെ ചുരുക്കിയിരുന്നു. ഇതാണ് വൈദ്യുതകാന്തിക പ്രതിഭാസങ്ങളെ സംബന്ധിച്ച സിദ്ധാന്തങ്ങളുടെ അടിസ്ഥാനശിലയായി കണക്കാക്കപ്പെടുന്നത്. ബലരേഖകളെ സംബന്ധിച്ച ഫാരഡേയുടെ നിരീക്ഷണങ്ങളെപ്പറ്റി മാക്സ്‌വെല്ലിന്റെ നിരീക്ഷണമനുസരിച്ച് ഫാരഡേ "വളരെ ഉയർന്ന ഗണത്തിൽ പെട്ട ഒരു ഗണിതശാസ്ത്രജ്ഞനുമായിരുന്നു – ഇദ്ദേഹത്തി‌ൽ നിന്ന് ഭാവിയിലെ ഗണിതശാസ്ത്രജ്ഞർ മികച്ച രീതികൾ കണ്ടുപിടിച്ചേയ്ക്കാം."[6] കപ്പാസിറ്റൻസിന്റെ എസ്.ഐ. യൂണിറ്റ് ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഫാരഡ് എന്നാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.

ആൽബർട്ട് ഐൻസ്റ്റീൻ ഫാരഡേയുടെ ചിത്രം തന്റെ പഠനമുറിയിൽ സൂക്ഷിച്ചിരുന്നു. ഐസക് ന്യൂട്ടൺ, ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ എന്നിവരുടെ ചിത്രങ്ങളും ഐൻസ്റ്റീൻ സൂക്ഷിച്ചിരുന്നു.

ഫാരഡെയ്ക്ക് അന്ന് 18 വയസ്. ബുക് ഷോപ്പിലെ ഒരു ആവശ്യത്തിനായി ധൃതിയിൽ പോവുകയായിരുന്നു മെക്കേൽ. ഒരു മതിലിലെ പരസ്യം പെട്ടെന്ന് ശ്രദ്ധയിൽ പെട്ടു. ഭൗതികദർശനങ്ങളെപ്പറ്റിയുള്ള പ്രഭാഷണങ്ങളെപ്പറ്റിയായിരുന്നു പരസ്യത്തിൽ. സിറ്റി ഫിലോസഫിക്കൽ സൊസൈറ്റിയായിരുന്നു സംഘാടകർ. ഈ പ്രഭാഷണങ്ങളിൽ പങ്കെടുത്ത് മൈക്കേൽ കുറിപ്പുകൾ തയ്യാറാക്കി. 1812ൽ ഇവ പുസ്തകരുപത്തിൽ പ്രസിദ്ധീകരിച്ചു.

വൈദ്യുതിയുടെ കണ്ടുപിടിത്തം

അക്കാലത്തൊരു ശീതകാലത്തിൽ എല്ലാവരും ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് പോയിട്ടും ഫാരഡേ കാന്തികതയുമായി മല്ലടിക്കുകയായിരുന്നു. ഫാരഡേ സുഹൃത്തായ ഫിലിപ്പിനെഴുതിയതനുസരിച്ച്

ഞാൻ വൈദ്യുതികാന്തികതയുമായി അടുത്തു നിൽക്കുകയാണ്. എന്തോ കൈപ്പിടിയിലായി എന്നെനിക്കു തോന്നുന്നു, ചിലപ്പോഴതൊരു തിമിംഗിലമായിരിക്കാം, ചിലപ്പോഴത് പൊള്ളയായിരിക്കാം

അതൊരു വൻ‌കണ്ടുപിടിത്തം തന്നെ ആയിരുന്നു. മനുഷ്യവംശത്തിന്റെ മുഴുവൻ ഗതിയും തിരിച്ചുവിട്ടൊരു കണ്ടുപിടിത്തം, കാന്തവും കമ്പിച്ചുരുളുമുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാം (ഡൈനാമോ) എന്ന കണ്ടുപിടിത്തമായിരുന്നു അത്.

1821 ഒൿടൊബറിൽ വൈദ്യുതകാന്തികപ്രഭാവത്തെ സംബന്ധിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു.

രോഗബാധിതനായ ഫാരഡേ 1867 ഓഗസ്റ്റ് 25-നു മരണമടഞ്ഞു.


ഇന്നത്തെ മറ്റു  പ്രത്യേകതകൾ 

1789 - രാജാ കേശവദാസ് ‍തിരുവിതാംകൂറിലെ ദിവാനായി നിയമിതനായി

1908 - ബൾഗേറിയ സ്വതന്ത്രയാവുന്നു.

1960 - മാലി ഫ്രാൻസിന്റെ കൊളോണിയൽ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടി

1965 - കാശ്മീരിനെ ചൊല്ലിയുണ്ടായ രണ്ടാം ഇന്ത്യാ - പാകിസ്താൻ യുദ്ധം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അവസാനിച്ചു.


ഇന്നത്തെ പ്രത്യേകതകൾ

 ലോക അൽഷെമേഴ്സ് ദിനം

ലോകമെമ്പാടും, അൽഷെമേഴ്സ് രോഗത്തിന് (മറവിരോഗം) എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ലോക അൽഷെമേഴ്സ് ദിനം ആണ് എല്ലാ വർഷവും സെപ്റ്റംബർ 21. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 76 അൽഷെമേഴ്സ് ഘകങ്ങളുടെ കൂട്ടായ്മയായ അൽഷെമേഴ്സ് ഡിസീസ് ഇന്റർനാഷണൽ  ആണ് ലോക അൽഷെമേഴ്സ് ദിന പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നത്. ഇന്ത്യയിൽ,അൽഷെമേഴ്സ് ഡിസീസ് ഇന്റർനാഷണലിന്റെ വളരെ സജീവമായ ഒരു ഘടകമാണ് കേരളത്തിൽ കുന്നംകുളം ആസ്ഥാനമായി പ്രവത്തിക്കുന്ന അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI). കേരളത്തിലെ വിവിധ പട്ടണങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ സംഘടന പ്രവർത്തിക്കുന്നു. ഇതിന്റെ ദേശീയ ചെയർമാൻ ഡോ.കെ. ജേക്കബ് റോയ് ആണ്.

എന്താണ് അൽഷെമേഴ്സ്

മറവി ഉണ്ടാക്കുന്ന രോഗമാണ് അൽഷെമേഴ്സ് അഥവാ മറവിരോഗം . തലച്ചോറിലെ തകരാർ മൂലമുണ്ടാവുന്ന ബുദ്ധിമാന്ദ്യം എന്ന് ഈ രോഗാവസ്ഥയെ സാമാന്യമായി വിളിക്കാം(ഓർഗാനിക് മെൻറൽ ഡിസ് ഓർഡർ OMD).സാവധാനം മരണകാരണമാവുന്നതും ഇപ്പോൾ ചികിത്സയില്ലാത്തതുമായ ഒരു രോഗമാണ്‌.


ലോക സമാധാനദിനം

ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത ദിനമാണ് സെപ്റ്റംബർ 21. വിവിധ രാജ്യങ്ങളും രാഷ്ട്രീയ സംഘടനകളും പട്ടാളക്യാമ്പുകളും സെപ്റ്റംബർ 21 സമാധാനദിനമായി ആചരിക്കുന്നുണ്ട്. 1981ൽ മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസം ആചരിക്കാൻ ആരംഭിച്ചത്.