ശ്രീനാരായണഗുരു

 ശ്രീനാരായണഗുരു



ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിവര്യനും കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണഗുരു (1856-1928). 
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെ ഒരു ഗ്രാമ പ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിലാണു കൊല്ലവർഷം 1032 ചിങ്ങം 5നാണു ജനിച്ചത്.വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു  അത്.
അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ,അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതും അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾ ക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു.

സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്.ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്.
ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.

“ ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത് ”

1904ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു. ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും നിർമ്മിച്ചു.


1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു. അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം. ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

1918 - 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 - ൽ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ചത്.

ഗുരു ദർശനങ്ങൾ
ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതിലക്ഷണം, ജാതിനിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ്‌ ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്‌. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ്‌ വിവക്ഷിച്ചത്.

സാഹിത്യസംഭാവനകൾ

ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. ദർശനമാല തുടങ്ങി സംസ്കൃതത്തിലും, ആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

എസ്.എൻ.ഡി.പി
അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മുൻപേ നടന്നുവന്നിരുന്ന വാവൂട്ടുയോഗം 1899-ൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ പിന്നീട് പുനഃസംഘടിപ്പിക്കപ്പെട്ടു. ഇത് പിന്നീട് 1903 ജനുവരി 7-ന് നാരായണഗുരു പ്രസിഡണ്ടും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണ ധർമപരിപാലന (എസ് എൻ ഡി പി) യോഗമായി മാറി. ഈ സംഘടനയെ മാതൃകാപരമായ ഒരു ജാതിമതാതീത സംഘടനയായി വളർത്തിക്കൊണ്ടുവരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി. എന്നാൽ യോഗം നേതാക്കളിൽ പലരും അവസരോചിതമായി ഉയർന്നുചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ വിടവ് അനുഭവപ്പെട്ടു. തന്റെ ദർശനത്തിന്റെ കാതലായ ഏകജാതിസന്ദേശം താൻ കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാത്തതിൽ അദ്ദേഹം ദുഃഖിതനായി. ഒടുവിൽ, 1916 മേയ് 22-ന് നാരായണഗുരു എസ് എൻ ഡി പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ചുകൊണ്ട് ഡോക്ടർ പൽ‌പ്പുവിന് അദ്ദേഹം ഇപ്രകാരം കത്തെഴുതി:

എന്റെ ഡോക്ടർ അവർകൾക്ക്,

യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിന്റെ ജാത്യഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുൻപേതന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു.
— എന്ന് നാരായണഗുരു.


ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത്.1928 സെപ്റ്റംബർ 20-നാണ് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം ഭക്തരുടെ മുന്നിൽ ധ്യാനത്തോടെ അന്തരിച്ചത്..

No comments:

Post a Comment