സെപ്റ്റംബർ 23

ഇന്നത്തെ പ്രത്യേകതകൾ 

സിഗ്മണ്ട് ഫ്രോയിഡ്



1856 മെയ് 6-നാണ് ഫ്രോയിഡ് ജനിച്ചത്.മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു. 

1900 ൽ പ്രസിദ്ധീകരിച്ച സ്വപ്നങ്ങളുടെ വ്യാഖ്യാനം എന്ന പുസ്തകത്തോടെയായിരുന്നു ഫ്രോയിഡൻ വിപ്ലവത്തിന്റെ തുടക്കം.1885 -1886 കാ‍ലഘട്ടങ്ങളിൽ പാരീസിൽ പ്രശസ്തന്യൂറോളജിസ്റ്റായ ഴാങ്-മാർട്ടിൻ ഷാർക്കോയ്ക്ക് കീഴിൽ സിരാരോഗങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളാണ് സിരാരോഗവും മനസ്സും തമ്മിൽ ബന്ധമുണ്ടെന്ന ധാരണ ഫ്രോയിഡിനുണ്ടാക്കിയത്. 1895 ൽ ജോസഫ് ബ്രോയറുമായി ചേർന്ന് സ്റ്റഡീസ് ഇൻ ഹിസ്റ്റീരിയ എന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു,അടിച്ചമർത്തപ്പെട്ട വികാരങ്ങൾ എങ്ങനെ ശാരീരിക രോഗങ്ങളായി പരിണമിക്കുന്നു എന്നതായിരുന്നു പുസ്തകത്തിന്റെ പ്രതിപാദ്യം. മനോ വിശ്ലേഷണത്തിലെ പ്രഥമകൃതിയായി ഇത് വിലയിരുത്തപ്പെടുന്നു. ബ്രോയറുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച ഫ്രോയിഡ് പിന്നീട് സ്വന്തമായൊരു മാനസികാപഗ്രഥനരീ‍തിയും സിദ്ധാന്തവും രൂപപ്പെടുത്തുകയുണ്ടാ‍യി. സ്വപ്നങ്ങളുടെ വ്യാഖ്യാനം (Interpretation of Dreams) എന്ന കൃതി അതിൽനിന്നുണ്ടായതാണ്. ഈ കൃതി മനുഷ്യപ്രകൃതിയെപ്പറ്റിയുണ്ടാക്കിയ സിദ്ധാന്തങ്ങൾ സമൂഹത്തെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മനസ്സിനു അബോധം എന്ന തലമുണ്ടെന്നു മാത്രമല്ല ഗൂഢമായ മാനസികപ്രവത്തനങ്ങളാണ് മനുഷ്യസ്വഭാവത്തെനിർണ്ണയിക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു. അബോധത്തിലെ വിലക്കപ്പെട്ട ആഗ്രഹം, ശിശുലൈംഗികത, ഷണ്ഡീകരണഭീതി, ഈഡിപ്പസ് കോം‌പ്ലെക്സ് , തുടങ്ങിയ ആശയങ്ങൾ ചിന്തകസമൂഹം ഗൌരവമായി നോക്കിക്കണ്ടു. ഇവയിൽ പല ആശയങ്ങളും വിവാദമായെങ്കിലും ഫ്രോയിഡിന് വിശ്വസ്തരായ അനുയായികളുണ്ടായി. 1920-1930 കാലത്ത് ഫ്രോയിഡ് മുൻപോട്ടു വെച്ച ഇദ്,ഈഗോ,സൂപ്പർ ഈഗോ എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ശാസ്ത്രത്തിലും കലയിലും പ്രതിഫലനമുണ്ടാക്കി.

താടിയെല്ലിന് അർബുദം ബാധിച്ചു 1939 സെപ്റ്റംബർ 23 ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.


മറ്റു പ്രത്യേകതകൾ 

1.ലോക ആംഗ്യഭാഷാ ദിനം 
2.മോസില്ല ഫയർഫോക്സ് വെർഷൻ 0.1 പുറത്തിറക്കി.
3. 1973ൽ ചിലിയിലെ കവിയും നോബൽ സമ്മാന വിജയിയുമായ പാബ്ലോ നെരൂദ അന്തരിച്ചു.





No comments:

Post a Comment