ഒക്ടോബർ 12


ഇന്നത്തെ പ്രത്യേകതകൾ 



വിവരാവകാശനിയമം

ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005.2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. 


ഉദ്ദേശ്യങ്ങൾ


പൊതു താല്പര്യങ്ങൾക്കു ഹാനികരമാവാതെ, ഭരണകാര്യവിവരങ്ങൾ വെളിപ്പെടുത്തുന്നതിനും രഹസ്യകാര്യങ്ങൾ സംരക്ഷിക്കുന്നതിനും പരിമിതമായ പൊതുസമ്പത്ത്, യുക്തമായി ഉപയോഗിച്ച് ഒരു സംവിധാനം ഏർപ്പെടുത്തുക, ഭരണകാര്യങ്ങളിൽ, സുതാര്യതയും സർക്കാർ ഉത്തരവാദിത്തവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുക.


വിവരാവകാശവും പൊതുസ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങളും

പൊതുസ്ഥാപനങ്ങൾ എല്ലാ രേഖകളും സൂചികയുണ്ടാക്കി സൂക്ഷിക്കണം; യുക്തമായവ, സൗകര്യങ്ങളുടെ ലഭ്യതയനുസരിച്ച്, എത്രയും വേഗം കമ്പ്യൂട്ടർവത്കരിക്കണം

സ്ഥാപനത്തിന്റെ ചുമതലകൾ, ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ, നയകാര്യങ്ങൾ, നടപടിക്രമങ്ങൾ, ശമ്പളവിവരങ്ങൾ, ബജറ്റ് വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ സ്വമേധയാ പ്രസിദ്ധീകരിക്കണം

പൊതുജനത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട നയകാര്യങ്ങൾ പ്രസിദ്ധീകരിക്കണം.തീരുമാനങ്ങൾ എടുക്കുമ്പോൾ അതിനുള്ള കാരണം അതു ബാധിക്കുന്ന ആളിനെ അറിയിക്കണം.

സ്ഥാപനത്തിന്റെ എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണം; അവർ വിവരാർത്ഥിക്ക് ആവശ്യമായ സഹായം നൽകണം; പൊതുവിവരാധികാരികൾ ആവശ്യപ്പെട്ടാൽ, ഏതൊരു ഉദ്യോഗസ്ഥനും സഹായം നൽകണം.


വിവരം ലഭിക്കാനുള്ള നടപടിക്രമങ്ങൾ


വിവരാർത്ഥി, അതതു പൊതുസ്ഥാപനത്തിലെ,കേന്ദ്രവിവരാധികാരിക്കോ, സംസ്ഥാനവിവരാധികാരിക്കോ, അല്ലെങ്കിൽ കേന്ദ്രസഹവിവരാധികാരിക്കോ, സംസ്ഥാനസഹവിവരാധികാരിക്കോ,ആവശ്യപ്പെടുന്ന വിവരങ്ങൾ കാണിച്ചുകൊണ്ട് അപേക്ഷ എഴുതിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ നല്കണം. വിവരാർത്ഥിയെ സമ്പർക്കം ചെയ്യുന്നതിനാവശ്യമായത് ഒഴിച്ച് വിവരം ആവശ്യപ്പെടുന്നത് എന്തിനാണെന്നോ, മറ്റെന്തെങ്കിലും വ്യക്തിഗത വിവരങ്ങളോ നല്കേണ്ടതില്ല. അപേക്ഷ എഴുതിനല്കാൻ കഴിയില്ലെങ്കിൽ, വാക്കാലാവശ്യപ്പെട്ടാൽ അപേക്ഷ എഴുതിനല്കുന്നതിന് അപേക്ഷകനെ പൊതുവിവരാധികാരി സഹായിക്കണം. അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് നല്കണം. ദാരിദ്ര്യരേഖക്കു താഴെയുള്ളവറർ ഫീസ് നല്കേണ്ടതില്ല.

അപേക്ഷ ലഭിച്ചാൽ വിവരാധികാരി എത്രയും വേഗം (പരമാവധി മുപ്പതുദിവസത്തിനുള്ളിൽ) അപേക്ഷകന് വിവരം നല്കുകയോ, അപേക്ഷ നിരസിക്കുകയോ ചെയ്യണം. വ്യക്തിസ്വാതന്ത്ര്യത്തേയോ ജീവനേയോ സംബന്ധിക്കുന്ന വിവരങ്ങൾ ആവശ്യപ്പെട്ടാൽ, 48 മണിക്കൂറിനുള്ളിൽ ഈ വിവരം നല്കണം. ഈ സമയപരിധിക്കുള്ളിൽ വിവരം നല്കിയില്ലെങ്കിൽ, അത് അപേക്ഷ നിരസിച്ചതായി കണക്കാക്കപ്പെടും. മറ്റൊരു വിവരാധികാരിയുടെ അധീനതയിലുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിൽ, ആ അപേക്ഷ എത്രയും വേഗം (പരമാവധി അഞ്ചുദിവസത്തിനുള്ളിൽ) ആ വിവരാധികാരിക്കു കൈമാറണം. ആ വിവരം അപേക്ഷകനെ അറിയിക്കണം.

അപേക്ഷക/ൻ ഇന്ദ്രിയ വൈകല്യമുള്ള വ്യക്തിയാണെങ്കിൽ ആ വ്യക്തിക്ക് വിവരം പ്രാപ്യമാക്കാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാൻ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാർ ബാദ്ധ്യസ്ഥരാണ്‌.

സാധാരണ ഗതിയിൽ, പൊതുസ്ഥാപനത്തിന്റെ സമ്പത്ത്, ക്രമരഹിതമായി ചെലവാകില്ലെങ്കിലോ, രേഖയുടെ സംരക്ഷണത്തെ ബാധിക്കുന്നില്ലെങ്കിലോ, വിവരം ആവശ്യപ്പെട്ട മാധ്യമത്തിൽ നൽകണം.

അച്ചടിച്ചതോ, ഇലക്ട്രോണിക് മാധ്യമങ്ങളിലോ വിവരങ്ങൾ നൽകുന്നതിന്, നിശ്ചിത ചെലവ് വിവരാർത്ഥിയിൽനിന്ന് ഈടാക്കുന്നുണ്ടെങ്കിൽ ആ വിവരവും, തുക കണക്കാക്കിയതെങ്ങനെയെന്നും, അടക്കേണ്ട സമയപരിധിയും അയാളെ അറിയിക്കണം.കൂടാതെ, ചുമത്തിയ തുക പുന:പരിശോധിക്കാൻ, അപ്പീലധികാരിയോട് അപേക്ഷിക്കാൻ അയാൾക്ക് അവകാശമുണ്ടെന്നും, അപ്പീലധികാരിയുടെ വിലാസവും അയാളെ അറിയിക്കണം. ദാരിദ്ര്യരേഖക്കു താഴെയുള്ളവർ ഫീസ് നല്കേണ്ടതില്ല. സമയപരിധി കഴിഞ്ഞു നൽകുന്ന വിവരങ്ങൾക്കും ഫീസ് നല്കേണ്ടതില്ല.(ഫീസു നിശ്ചയിക്കുന്നത് അതതു സർക്കാറുകളാണ്)

അപേക്ഷ നിരസിക്കുകയാണെങ്കിൽ, അതിന്റെ കാരണവും, അപ്പീൽ നൽകാനുള്ള സമയപരിധിയും അപ്പീലധികാരിയുടെ വിലാസവും വിവരാർത്ഥിയെ അറിയിക്കണം.

ഒരു മൂന്നാംകക്ഷിയുടെ വിവരങ്ങളാണെങ്കിൽ, അഞ്ചുദിവസത്തിനുള്ളിൽ അയാളോട് അഭിപ്രായം ആരായണം. മൂന്നാംകക്ഷി പത്തുദിവസത്തിനുള്ളിൽ അയാളുടെ അഭിപ്രായം അറിയിക്കണം. അപേക്ഷയിൽ തീരുമാനം എടുക്കുമ്പോൾ മൂന്നാംകക്ഷിയുടെ അഭിപ്രായം പരിഗണിക്കണം. എന്നാൽ, മൂന്നാംകക്ഷിയുടെ നിയമസംരക്ഷണമുള്ള കച്ചവട - വാണിജ്യരഹസ്യങ്ങളൊഴിച്ച്, പൊതുതാത്പര്യങ്ങൾ അയാളുടെ സംരക്ഷിതതാത്പര്യങ്ങളൽക്കതീതമായിവരുന്ന വിവരങ്ങൾ വെളിപ്പെടുത്താം. അപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തുമ്പോൾ, അക്കാര്യം അയാളെ അറിയിക്കുകയും അപ്പീൽ നൽകാൻ അവസരം നൽകുകയും വേണം. എന്നാൽ വിവരം വെളിപ്പെടുത്തുന്ന കാര്യത്തിൽ വിവരാധികാരി 40 ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം.


വിവരവകാശ കമ്മീഷൻ

വിവരവകാശ നിയമത്തിന്റെ അധികാരങ്ങൾ പ്രയോഗിക്കാനും ചുമതലകൾ നിറവേറ്റാനും പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിവരാവകാശ കമ്മീഷൻ.കേന്ദ്രതലത്തിലും സംസ്ഥാനങ്ങളിലും വിവരാവകാശ കമ്മീഷനുകൾ പ്രവർത്തിക്കുന്നുണ്ട്.

കമ്മിഷന്റെ അധികാരങ്ങൾ

ഈ നിയമമനുസരിച്ച്,

ഏതൊരാളിൽ നിന്നും പരാതികൾ സ്വീകരിക്കാൻ,

പരാതി അന്വേഷിക്കുവാൻ,

തെളിവെടുപ്പിന് ഒരാളെ വിളിച്ചു വരുത്തുവാൻ

സത്യവാക്കായി തെളിവുകൾ സ്വീകരിക്കുവാൻ,

രേഖകൾ കണ്ടെടുക്കുവാൻ,

അവ പരിശോധിക്കുവാൻ,

സർക്കാർ നിശ്ചയിയ്ക്കുന്ന മറ്റേതൊരു നടപടിയും സ്വീകരിക്കുവാൻ കമ്മീഷന് അധികാരമുണ്ട്.


മറ്റു പ്രത്യേകതകൾ 

1492 - ക്രിസ്റ്റഫർ കൊളംബസ് കിഴക്കൻ ഏഷ്യയാണെന്ന അനുമാനത്തില് ബഹാമാസില് കപ്പലിറങ്ങി

1823 - സ്കോട്ട്‌ലന്റുകാരനായ ചാള്സ് മക്കിന്റോഷ് ആദ്യത്തെ മഴക്കോട്ടുകള് വില്ക്കാനാരംഭിച്ചു.

1850 - വനിതകൾക്കായുള്ള ആദ്യത്തെ മെഡിക്കൽ കോളേജ് അമേരിക്കയിലെ പെന്സില്‌വാനിയയില് സ്ഥാപിതമായി.

1866 - റാംസേ മൿഡൊണാൾഡ് (മുൻ യു.കെ. പ്രധാനമന്ത്രി) ജനിച്ചു 

1994 - വീനസിലേക്കുള്ള നാസയുടെ മാഗെല്ലൻ മിഷൻ പരാജയപ്പെടുന്നു, സ്പേസ്‌ക്രാഫ്റ്റ് കത്തി നശിക്കുന്നു.

1999 - പാകിസ്താനിൽ പർവേസ് മുഷാറഫ് നവാസ് ഷെറീഫിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചടക്കി.

2008 - അൽഫോൻസാമ്മയെ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.



No comments:

Post a Comment