ബാല ഗംഗാധര തിലകൻ

 

ബാല ഗംഗാധര തിലകൻ



സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ ഭാരതത്തിലെ ഒരു നേതാവായിരുന്നു ബാൽ ഗംഗാധർ തിലക്. ഇദ്ദേഹം ജനിച്ചത് മഹാരാഷ്ട്രയിൽ കൊങ്കൺ തീരത്തുള്ള രത്നഗിരിയിലെ ഒരു യാഥാസ്ഥിതിക ഇടത്തരം ബ്രാഹ്മണ കുടുംബത്തിൽ ഗംഗാധര രാമചന്ദ്ര തിലകന്റെ പുത്രനായാണ്.
വിദ്യാഭ്യാസാനന്തരം പൊതുപ്രവർത്തനരംഗത്തേക്കിറങ്ങി. ജനകീയവിദ്യാഭ്യാസം പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ തിലകനും സഹപ്രവർത്തകരും കൂടി പൂണെയിൽ ന്യൂ ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ചു (1880). ഇക്കാലത്തുതന്നെ തിലകൻ പത്രപ്രവർത്തനരംഗത്തേക്കും പ്രവേശിച്ചു. മറാഠിഭാഷയിൽ കേസരി, ഇംഗ്ലീഷിൽ മറാത്ത എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. കോലാപ്പൂർ നാട്ടുരാജ്യത്തെ ഭരണത്തെക്കുറിച്ച് കേസരിയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതുമൂലം കേസുണ്ടാവുകയും ഇദ്ദേഹത്തിന് നാലുമാസം തടവു ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു. 

ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ലീഷുകാരുടെ മേൽ സമ്മർദം ചെലുത്തുവാൻ യോജിച്ച അവസരമായി ഒന്നാം ലോകയുദ്ധകാലത്തെ വിനിയോഗിക്കാമെന്ന അഭിപ്രായക്കാരനായിരുന്നു തിലകൻ. ഹോംറൂൾ ലീഗിന്റെ പ്രചാരണത്തിന് ഇദ്ദേഹം നേതൃത്വം നല്കി. ഇന്ത്യക്കാരുടെ ആവശ്യങ്ങൾ ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഇദ്ദേഹം 1918-ൽ ഇംഗ്ലണ്ടിലേക്കു പോയി. അവിടെ ലേബർ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. ഗവൺമെന്റ് ഒഫ് ഇന്ത്യാ ബിൽ പരിഗണിക്കുന്നതിനായി രൂപവത്കരിച്ച പാർലമെന്ററി ജോയിന്റ് സെലക്റ്റ് കമ്മിറ്റി മുൻപാകെ ഇന്ത്യൻ ഹോംറൂൾ ലീഗിനുവേണ്ടി തിലകൻ ഹാജരായി. 1919-ൽ ഇന്ത്യയിലേക്കു തിരിച്ചുവന്ന തിലകൻ കോൺഗ്രസ് പ്രവർത്തനങ്ങളിൽ മുഴുകി.1920 ആഗസ്റ്റ് 1- ന് അദ്ദേഹം നിര്യാതനായി.

No comments:

Post a Comment