നെൽസൺ മണ്ടേലയുടെ ജന്മദിനം

 നെൽസൺ മണ്ടേല



ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ്‌ 1918 ജൂലൈ 18നു ജനിച്ച  നെൽസൺ മണ്ടേല. ഈ ദിവസം മണ്ടേല ദിനമായി ആചരിക്കുന്നു.

ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. 1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക്‌ ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു. ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയനുമായിരുന്നു അദ്ദേഹം. ലോങ് വോക് റ്റു ഫ്രീഡം ആണ് ആത്മകഥ. 

മണ്ടേലയുടെ ജീവിതത്തിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ വളരെ സ്വാധീനം ചെലുത്തിയിരുന്നു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെയും അവരുടെ സായുധവിഭാഗമായ ഉംഖോണ്ടോ വിസിസ്‌വേയുടെയും നേതാവായിരുന്ന മണ്ടേലയെ വർണ്ണവിവേചനത്തെ എതിർത്തവർ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റേയും പ്രതീകമായി കരുതുമ്പോൾ, വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെയും എ എൻ സിയെയും കമ്യൂണിസ്റ്റ്‌ തീവ്രവാദികളായാണു കരുതിയിരുന്നത്‌. വർണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അക്രമപ്രവർത്തനങ്ങളുടെയും അട്ടിമറികളുടേയും പേരിൽ മണ്ടേലക്ക്‌ 27 വർഷം ജയിൽവാസമനുഷ്ഠിക്കേണ്ടതായി വന്നു. മണ്ടേലയുടെ വംശക്കാർ പ്രായത്തിൽ മുതിർന്നവരെ ബഹുമാനസൂചകമായി സംബോധന ചെയ്യുന്ന മാഡിബ എന്ന പേർ കൊണ്ടാണ് ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ അഭിസംബോധന ചെയ്തിരുന്നത്. 

മണ്ടേല 1961-ൽ എം കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന, എ എൻ സിയുടെ സായുധവിഭാഗമായ, ഉംഖോണ്ടൊ വി സിസ്വെയുടെ തലവനായി സൈന്യത്തിനും ഗവണ്മെന്റിനുമെതിരെ അട്ടിമറിപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഭാവിയിൽ ഗറില്ല യുദ്ധം നടത്താൻ വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുകയുംചെയ്തു. ക്യൂബയുടെ പ്രസിഡന്റായിരുന്ന ഫിദൽ കാസ്ട്രോ, രൂപം നൽകിയ 26ജൂലൈ മൂവ്മെന്റ് എന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഉംഖോണ്ടൊ വി സിസ്വെ സംഘടിപ്പിക്കപ്പെട്ടത്. സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന, ജോ സ്ലോവും, വാൾട്ടർ സിസുലുവും ഈ മുന്നേറ്റത്തിന് മണ്ടേലക്കൊപ്പമുണ്ടായിരുന്നു. ഗറില്ലാ യുദ്ധങ്ങളിൽ നിപുണരായിരുന്ന മാവോ സേതൂങും ചെ ഗുവേരയും നടത്തിയ ഗറില്ലാ യുദ്ധങ്ങളെക്കുറിച്ചുള്ള രേഖകൾ മണ്ടേല ആവേശപൂർവ്വം വായിക്കുമായിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ നിന്നും വേറിട്ട ഒരു സംഘടനയായിരുന്നുവെങ്കിലും, പിന്നീട് എം.കെ, എ.എൻ.സി.യുടെ സായുധസേനാ വിഭാഗമായി അറിയപ്പെട്ടു. 

2013 ഡിസംബർ 5ന് തന്റെ 95-ആം വയസ്സിൽ നെൽസൺ മണ്ടേല അന്തരിച്ചു. ജോഹന്നാസ് ബർഗിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മണ്ടേലയുടെ മരണവാർത്ത, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന ജേക്കബ് സുമ,ദേശീയ ടെലിവിഷനിലൂടെ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ പത്തു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഡിസംബർ 15ന് എല്ലാ വിധ ബഹുമതികളോടും കൂടെ മണ്ടേലയുടെ ശവസംസ്കാരചടങ്ങുകൾ നടത്തി. തൊണ്ണൂറോളം രാഷ്ട്രങ്ങളുടെ പ്രതിനിധികൾ മണ്ടേലയുടെ അന്ത്യയാത്രക്കു സാക്ഷ്യം വഹിക്കുവാനായി ദക്ഷിണാഫ്രിക്കയിൽ വന്നു ചേർന്നിട്ടുണ്ടായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് അന്നത്തെ പ്രസിഡൻറ്  പ്രണബ് മുഖർജി, അന്നത്തെ ലോക്സഭ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

No comments:

Post a Comment